ചില പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യൻ മൃഗമായി മാറും.
ചീവീടുകളുടെ ശബ്ദം കാതിനെ കുത്തി തുളക്കുന്നു. ആംബുലൻസിൻറെ ജനാലച്ചില്ല് താഴ്ന്നു കിടക്കുന്നു. മുഖത്തേക്ക് നല്ല തണുത്ത കാറ്റ് വീശി അടിക്കുന്നുണ്ട്. അലോസര പെടുത്തുന്നതെങ്കിലും, റിട്ടേൺ ഓട്ടം ആയതിനാൽ ഡ്രൈവർക്ക് എ.സി ഇടാൻ നിർവാഹമില്ല. രോഗി ഇല്ലാത്ത സാഹചര്യത്തിൽ എ.സി ഇടുന്നത് പാഴ് ചിലവാണ്. മറ്റ് ആംബുലൻസ് സർവീസുകളെ തട്ടിച്ചുനോക്കുമ്പോൾ, ഞങ്ങളുടെ ആശുപത്രിയിലേത് വളരെ കുറഞ്ഞ നിരക്കായിരുന്നു. ജനസേവനം തലയ്ക്കുപിടിച്ച ജീവനക്കാർ ആയതിനാൽ, ഞങ്ങളെല്ലാവരും ആശുപത്രിയുടെ ചിലവു ചുരുക്കൽ നയത്തോട് അനുഭാവം കാട്ടുന്നവർ ആയിരുന്നു.
എൻറെ പേര് മനു റഹീം. നേഴ്സ് ആണ്. ഡ്രൈവർ സീറ്റിൽ ഇന്നിരിക്കുന്നത്, കുട്ടൻ എന്ന് വിളിപ്പേരുള്ള ജിതിലും. മൈസൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് വിട്ടിട്ട് തലശ്ശേരിയിലേക്ക് തിരിച്ചു വരുന്ന വഴിയാണ്. സമയം പാതിരാത്രി കഴിഞ്ഞിരിക്കുന്നു. ഫോഗ് ലൈറ്റ് ഓഫാക്കിയാൽ റോഡ് കാണുക ബുദ്ധിമുട്ടാണ്. ഇനി സഞ്ചരിക്കേണ്ടത് വനപാതയിലൂടെ ആണ്. കൂടെക്കൂടെ ചില ചുവന്ന ബോർഡുകൾ മിന്നി മാഞ്ഞു പോകുന്നു. ഇത്തവണ ഞാൻ വായിച്ചു – ‘ആനയുണ്ട് സൂക്ഷിക്കുക’. എനിക്കത് വലിയ ഗൗരവമുള്ളതായി തോന്നിയില്ല. ആനകളെ നാം നാട്ടിലും കാണാറുള്ളതാണല്ലോ. അവറ്റകൾ എന്ത് ചെയ്യാൻ. ഭീമാകാരൻമാരായ പാവത്താൻമാർ.
എൻറെ പുച്ഛഭാവം മനസ്സിലാക്കിയത് കൊണ്ടാകണം കുട്ടൻ എന്നോട് പറഞ്ഞു – “ഇവിടത്തെ ആനകൾ ഇത്തിരി പ്രശ്നമാണ്.” പുള്ളിയുടെ ഫോൺ എനിക്ക് തന്നിട്ട്, ആ മേഖലയിൽ ചിത്രീകരിച്ച് ആനയാക്രമണത്തിന്റെ കുറച്ചു വീഡിയോകൾ എന്നെ കാണിച്ചു തന്നു. വികാരങ്ങൾ മാറി മറിഞ്ഞിരിക്കുന്നു. പുച്ഛം നിർവികാരതയായി. പിന്നീട് നിസ്സഹായതയും. അതിൽനിന്ന് ഭയം ഉടലെടുത്തിരിക്കുന്നു. മനസ് മരവിച്ച അവസ്ഥ. തല പെരുക്കുന്നു.
പെട്ടെന്ന് ഒരു സഡൻ ബ്രേക്ക്. വിൻഡ് ഷീൽഡിൽ തട്ടി എൻറെ തല നന്നായി വേദനിച്ചു. എന്നാൽ വണ്ടിയുടെ മുന്നിൽ ചിഹ്നം വിളിച്ചു നിൽക്കുന്ന ഒറ്റക്കൊമ്പനെ കണ്ടപ്പോഴാണ് യഥാർത്ഥത്തിൽ അമ്പരന്നത്. അവൻ ഞങ്ങളുടെ നേരെ വരികയാണ്. റിവേഴ്സ് ഗിയർ ഇട്ട് വണ്ടി പിന്നോട്ട് എടുക്കാൻ നേരമില്ല. കുട്ടൻ തുടർച്ചയായി ഹോൺ അടിച്ചു പിടിച്ചു. ഗിയർ പിടിച്ച് റിവേഴ്സ് ഇടാൻ ശ്രമിക്കുമ്പോഴേക്കും ഒറ്റക്കൊമ്പൻ മുന്നിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി രക്ഷയില്ല, എല്ലാം കഴിഞ്ഞു.
കുട്ടൻ ഞെട്ടിവിറച്ച് യുക്തിശൂന്യമായി വിളിച്ചുപറഞ്ഞു – “എടാ മനു, എന്തെങ്കിലുമൊന്ന് ചെയ്യടാ”…
ഞാൻ എന്ത് ചെയ്യാനാണ്. പരിഭ്രാന്തിയിൽ ഞാൻ പെട്ടെന്ന് വാതിൽ തുറന്നു പുറത്തിറങ്ങി.
അരയിൽ നിന്നും എൻറെ പേനാക്കത്തി വലിച്ചൂരി.
‘രണ്ടു കുത്ത്, ഒരു തിരി.’
കുട്ടൻ വാ പൊളിച്ചു നോക്കി നിൽക്കുന്നു.
മുമ്പിൽ അതാ ആന കിടന്നു പിടയുന്നു.
കഥയുടെ ആദ്യം, ഒരു മൃഗത്തെ പറ്റി പറഞ്ഞിരുന്നില്ലേ? – “അത് ഞാനായിരുന്നു”.